കുപ്രസിദ്ധ മോഷ്ടാവ് മിഠായി ബഷീര്‍ എന്ന പേരാമ്പ്ര സ്വദേശി ബഷീര്‍ പിടിയില്‍. തിരൂര്‍ കല്‍പകഞ്ചേരി പൊലീസ് ആണ് ബഷീറിനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് മോഷണം നടത്തിയിരുന്നത്.
മോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ബഷീര്‍ നാല് മാസം മുമ്പാണ് ജയില്‍ മോചിതനായത്. കുട്ടികളെ മിഠായി കാണിച്ച് അടുത്തു വിളിച്ച് മാല പിടിച്ചു പറിക്കുന്നതാണ് പ്രതിയുടെ രീതി. ഇതാണ് മിഠായി ബഷീര്‍ എന്ന് പേര് വീഴാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പരപ്പനങ്ങാടിയിലെ ബൈക്ക് മോഷണത്തിനും കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളുടെ മാല പിടിച്ചുപറിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളാണ് ബഷീറിന്റെയും സഹായിയുടേയും പ്രധാന മോഷണ കേന്ദ്രങ്ങള്‍ എന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് പുറമെ വാഹനമോഷണം, മാല പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്. കളവുമുതല്‍ വില്‍ക്കാന്‍ സഹയിച്ചിരുന്നത് കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്നയാളായിരുന്നു. ഷംസുദ്ദീനാണ് ആദ്യം പൊലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബഷീറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.