Kerala

അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍

പി.എസ്.സി നിയമന വിഷയത്തിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. 22 മുതൽ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി. പ്രശ്നങ്ങൾ ചോദിച്ചറിയാൻ മന്ത്രിമാർ തയാറാവുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.

പി.എസ്.സി നിയമന വിഷയത്തിൽ സർക്കാർ ഇന്നലെ പ്രഖ്യാപിച്ച തീരുമാനങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം ശക്തമാക്കിയത്. സമരം 24 ദിവസം പിന്നിട്ട എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ്, ഉപവാസ സമരമാണ് ഇന്ന് നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം. ആരെയും ചർച്ചക്ക് സമീപിക്കാൻ തടസ്സമില്ലെന്നാണ് നിലപാടെന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രതികരിച്ചു.

സി.പി.ഒ, ഹയർ സെക്കൻഡറി അധ്യാപക ലിസ്റ്റിൽ ഇടം നേടിയവർ, കെഎസ്ആർടിസി മെക്കാനിക് ഗ്രേഡ് ഉദ്യോഗാർത്ഥികൾ എന്നിവരുടെ സമരവും സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുകയാണ്. ഉദ്യോഗാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനെയും, കെ.എസ് ശബരിനാഥനെയും ഉമ്മൻ ചാണ്ടി സന്ദർശിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. 16 മാസം മുൻപ് സർക്കാർ ഉറപ്പ് നൽകി ജോലി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെഡൽ ജേതാക്കൾ സമരം ചെയ്യുന്നത്.