പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 48ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. കോവിഡ് പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ ആയിരം പേർക്കേ വോട്ട് ചെയ്യാൻ കഴിയു. പശ്ചിമ ബംഗാളിലെ മുർഷിതബാദിൽ തൃണമൂൽ കോൺഗ്രസിലെയും മഹാസഖ്യത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സുരക്ഷ ശക്തമാക്കി.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബംഗാളിൽ ടി.എം.സി, ബി.ജെ. പി, കോൺഗ്രസ്, ഇടത് പാർട്ടികൾ, ഐ എസ് എഫ് ഉൾപ്പെടുന്ന മഹാസഖ്യം എന്നിവരാണ് മത്സര രംഗത്തുള്ളത്. അസമിൽ നാളേക്ക് പുറമെ ഏപ്രിൽ 2, 6 തിയതികളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് അടുത്ത ദിവസങ്ങളിൽ പൗരത്വ നിയമവും പൗരത്വ പട്ടികയും ചർച്ചയാക്കാനായതിന്‍റെ ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ് സഖ്യം. മറു വശത്ത് ബി.ജെ.പി വികസനം ഉയർത്തി പിടിച്ചാണ് വോട്ട് തേടുന്നത്.