Education Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ

കൊവിഡ് സാഹചര്യം മൂലം പരീക്ഷയെഴുതാൻ കഴിയാതെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പരീക്ഷയെഴുതാൻ മറ്റ് സംവിധനങ്ങൾ ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും പി.ജി. ബി.എഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കേ സര്വകാലാശാല അധികൃതരിൽ നിന്ന് അനുകൂല നടപടികൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷ നടക്കാത്തതിനെ തുടർന്ന് മുന്നോട്ടുള്ള ഉപരിപഠനത്തിൽ ആശങ്കയിലാണ് വിദ്യാർഥികൾ.

കൊവിഡ് ബാധിതരായ വിദ്യാർഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുന്ന് പരീക്ഷ എഴുതാമെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും അനുവാദം നൽകിയിരുന്നില്ല. ഉപരി പഠനത്തിന് തടസ്സം വരാത്ത രീതിയിൽ പരീക്ഷ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതെല്ലം ഇപ്പോൾ തള്ളിക്കളയുകയാണ് സർവകലാശാല.

പല ഇടങ്ങളിലും പി.ജി. അഡ്മിഷൻ 15,18,21 എന്നീ തീയതികളിൽ അവസാനിക്കാൻ പോവുകയാണ്. കാലിക്കറ്റ് സർവകലാശാലയുടെ തന്നെ ബി.എഡ് പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. കേരള സർവകലാശാലയുടെ എൻട്രൻസ് റിസൾട്ട് അറിയണമെങ്കിൽ ഇന്ന് തന്നെ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. സർവകലാശാലയുടെ കീഴിലുള്ള സ്വയംഭരണ കോളേജുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി 18 നാണ്. കോമൺ അഡ്മിഷൻ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 നാണ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും റാങ്ക് ലിസ്റ്റ് ലഭ്യമാകാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല.