കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല. പ്രവേശനം തടഞ്ഞ സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ പൊടുന്നനെയുള്ള സർക്കാർ തീരുമാനം തിരിച്ചടിയാവുക ലക്ഷകണക്കിന് വരുന്ന വിദ്യാർത്ഥികൾക്കാണ്.
മലപ്പുറം , കോഴിക്കോട് , വയനാട് , തൃശൂർ , പാലക്കാട് ജില്ലകളിലെ പ്ലസ് ടു വിജയികളിൽ വലിയൊരു വിഭാഗത്തെ ഉൾക്കൊള്ളാൻ നിലവിൽ കോളജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് സീറ്റില്ല. ഈ സാഹചര്യത്തിൽ വിദൂരപഠന വിഭാഗമാണ് വിദ്യാർത്ഥികളുടെ പ്രധാന ആശ്രയം. എന്നാൽ സർക്കാർ ഈ മേലയിലെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്തെ വിദൂരപഠന സംവിധാനം പ്രയോജനപ്പെടുത്തേണ്ടി വരും. ഈ സഹചര്യത്തിലാണ് ഇന്ന് സർവകലാശാലയിൽ അടിയന്തര യോഗം ചേരുന്നത്. യോഗത്തിൽ വൈസ് ചാൻസിലർ എംകെ ജയരാജ് അടക്കമുള്ളവരെ ഉൾപ്പെടുത്തി ഉപസമിതിക്ക് രൂപം നൽകും ഈ സംഘമായിരിക്കും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുക.