ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് .പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളിൽ കോഴ്സ് നടത്തിപ്പിന് അനുമതി തേടിയാണ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററുകളുടെ അംഗീകാരം 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ പിൻവലിച്ച നടപടി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. 2022-വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനസ്ഥാപിച്ചത്. എന്നാൽ പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എൻ.സി.ടി.ഇ. അപ്പ്‌ലറ്റ് അതോറിറ്റി ഉത്തരവ് അതു പോലെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഴ്സ് നടത്തിപ്പിന് അനുമതി തേടി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേതാണ് തീരുമാനം. നിലവിലെ സ്ഥിതി അനുസരിച്ച് സർവകലാശാലാ നേരിട്ടു നടത്തുന്ന പതിനൊന്ന് ബി.എഡ്. സെന്ററുകളുടെ പ്രവേശനമാണ് പ്രതിസന്ധിയിലായിട്ടുള്ളത്.
ബിരുദ ഫലം വന്നതോടെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതിന് മുൻപായി കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സ്വന്തമക്കിയാലേ പ്രവേശനം ആരംഭിക്കാനാകൂ. കോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല.