India Kerala

പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം

പൊലീസിനും ഡി.ജി.പിക്കുമെതിരായ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കാന്‍ പ്രതിപക്ഷം. ഡി.ജി.പിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം പ്രതിപക്ഷം ശക്തമാക്കും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനും സാധ്യതയുണ്ട്. ആഭ്യന്തരവകുപ്പിലെ അഴിമതിയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തന്ത്രമൊരുക്കാനും പ്രതിപക്ഷം ആലോചിക്കുന്നു.

മുഖ്യമന്ത്രിയ ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരായ അഴമിതിയാരോപണം, സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതിയാരോപണം നേരിടുന്ന സാഹചര്യം, തോക്കും വെടിയുണ്ടയും അടക്കം കാണാതാകുന്ന സുരക്ഷാപ്രശ്നം വ്യത്യസ്ത തലങ്ങളുള്ള ഈ പ്രശ്നത്തെ ഗൌരവത്തിലെടുക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അഴിമതിയാരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിലൂടെ സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കാമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്.

അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്കോ കേന്ദ്രത്തിനോ നേരിട്ട് കത്തയച്ചേക്കും. ഡി.ജി.പി യുടെ രാജിക്കായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നു. തോക്കും വെടിയുണ്ടയും കാണാതായതിലെ സുരക്ഷാപ്രശ്നവും പ്രതിപക്ഷം ചര്‍ച്ചയാക്കും. മാവോയിസ്റ്റുകളില്‍ നിന്നുവരെ വെടിയുണ്ട പിടിച്ചെടുത്ത സാഹചര്യത്തില്‍ പൊലീസിലെ ആയുധങ്ങളുടെ സമ്പൂര്‍ണ ഓഡിറ്റിങ്ങും പ്രതിപക്ഷം ആവശ്യപ്പെടും. ഡി.ജി.പിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പൊലീസിലെ അഴിമതി വിഷയത്തില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിടുന്നതിന്‍റെ സൂചനയാണ് മുല്ലപ്പള്ളി നല്‍കുന്നത്. പൊലീസ് നല്‍കിയ കരാറുകളുടെ പിന്നാമ്പുറകള്‍ ചര്‍ച്ചയാക്കാനും പ്രതിപക്ഷം ശ്രമിക്കും.