Kerala

ഇന്ന് മന്ത്രിസഭാ യോഗം; കൊവിഡ് സാഹചര്യം വിലയിരുത്തും

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേസുകള്‍ ഉയരുന്നതുകൊണ്ട് ചില മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രനിര്‍ദേശ പ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എല്ലാ ജില്ലകളിലും പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം ആരോഗ്യവകുപ്പ് എടുത്തിരുന്നു. ഇതിന്റെ തുടര്‍ തീരുമാനങ്ങളും ഇന്ന് യോഗത്തിലുണ്ടാകും.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക പരത്തില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 9066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.