കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളും പൌരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പൌരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. ശശി തരൂര്‍ ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യം കത്തിക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.സി ആരോപിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു.
കൊല്ലത്ത് ചിന്നക്കട റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഡി. സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നേതൃത്വം നല്‍കി. ഉപരോധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഗാന്ധി സ്ക്വയറില്‍ നിന്ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയാണ് കോട്ടയത്ത് പ്രതിഷേധം നടന്നത്. കെ.സി ജോസഫ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു.