India Kerala

പൗരത്വ ഭേദഗതി അനുകൂല പരിപാടിയില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമം:

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കെതിരെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൈയ്യേറ്റം ചെയ്യുകയും കൊലവിളി നടത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് ഇന്ന് എറണാകുളം പൊലീസ് 29 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴിയുടെയും സോഷ്യല്‍ മീഡിയ വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇന്നലെ അതിക്രമത്തിനിരയായ യുവതിക്കു നേരെ കേസെടുത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് അതിക്രമത്തിനിരയായ ആതിര എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യോഗം തടസ്സപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി.

പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ വേദിയില്‍ നിന്നും പുറത്താക്കുന്നതും അധിക്ഷേപിക്കുന്നതും വീഡിയാേയില്‍ വ്യക്തമായിരുന്നു.