India Kerala

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കും

നിയമസഭ സമ്മേളത്തില്‍ ഗവര്‍ണര്‍ക്ക് വായിക്കാനുള്ള നയപ്രഖ്യാപനത്തിന് ഇന്നത്തെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും. പൌരത്വ നിയമഭേദഗതിക്കും, എന്‍പിആറിനും എതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. നയപ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തിയാലും ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോട് കൂടിയാണ് ജനുവരി 31 ന് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. പൌരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും, എന്‍പിആറുമായി ബന്ധപ്പെട്ട നടപടികളോട് സഹകരിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടും ഉള്‍പ്പെടുത്താതെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല.

പൌരത്വ നിയമഭേദഗതിക്കെതിരായി നിയമസഭ പാസ്സാക്കിയ പ്രമേയത്തിന്റെ ഉള്ളടക്കം നയപ്രഖ്യാപന പ്രസംഗത്തിലും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാലും സിഎഎ ക്കെതിരെ പ്രമേയം പാസ്സാക്കിയതിലും, കോടതിയെ സമീപിച്ചതിലും സര്‍ക്കാരുമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് വായിക്കുമോ എന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന ചോദ്യം. നിലവിലെ സാഹചര്യത്തില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കാനുള്ള സാധ്യതയും കുറവാണ്.

നേരത്തെയും സദാശിവം അടക്കമുള്ള ഗവര്‍ണര്‍മാര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില കാര്യങ്ങള്‍ വായിക്കാതെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരെ പരസ്യമായ പോരിലുള്ള ഗവര്‍ണര്‍ പൌരത്വ നിയമവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ അതിന് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്.

അതേസമയം ഈ മാസം 30 ന് ആരംഭിക്കാനിരുന്ന നിയമസഭസമ്മേളനത്തില്‍ തീയതിയില്‍ മാറ്റം വരുത്തുന്ന കാര്യം ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിക്കും. പ്രതിപക്ഷത്തിന്റെ അസൌകര്യം പരിഗണിച്ച് 31 ന് സഭാ സമ്മേളനം ആരംഭിക്കാനാണ് ധാരണ.