ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതൻ വീണ്ടും വിവാദവുമായി രംഗത്ത്. ന്യൂസിലാന്റിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‍.
ന്യൂസിലാന്റിൽ മുസ്‍ലിംകള്‍ക്കെതിരെ വലതുപക്ഷ ഭീകരവാദി നടത്തിയ ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സുഗതന്‍ പോസ്റ്റ് പിന്‍വലിച്ചു.
വർഗീയവാദിയായ ഇയാളെ മുന്നിൽ നിർത്തിയായിരുന്നു പിണറായി സര്‍ക്കാര്‍ നവോത്ഥാന വനിതാ മതില്‍ പണിതത്‍. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സമരക്കാരിലും ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹാദിയയുടെ അച്ഛൻ താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ എന്നായിരുന്നു ഹാദിയ മുസ്‍ലിമായപ്പോൾ സുഗതന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും, പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതം സുഗതനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.