അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ 37 പത്രികകളാണ് അംഗീകരിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ അന്തിമ മത്സരചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് മൂന്ന് മണിയോടെ സ്ഥാനാർത്ഥികള്‍ ആരെന്ന് കൂടുതൽ വ്യക്തമാകും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 37 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. എറണാകുളമാണ് മുന്നിൽ. 10 സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ എട്ട് പത്രികകൾ അംഗീകരിച്ചു. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ.സി വിക്രമൻ, സ്വതന്ത്ര സ്ഥാനാർഥി വിഷ്ണു എസ്.അമ്പാടി എന്നിവരെ അയോഗ്യരാക്കി.
മഞ്ചേശ്വരത്ത് എട്ട് പത്രികകൾ സ്വീകരിച്ചു. ഡമ്മി സ്ഥാനാർത്ഥികളുടേത് ഉൾപ്പെടെ അഞ്ച് പത്രികകളാണ് ഇവിടെ തള്ളിയത്. അരൂർ മണ്ഡലത്തിൽ ആറ് പത്രികകൾ അംഗീകരിച്ചു. ഗീതാ അശോകൻ എന്ന സ്ഥാനാർത്ഥി മണ്ഡലത്തിൽ കോൺഗ്രസ് വിമതയായുണ്ട്. കോന്നി മണ്ഡലത്തിൽ അഞ്ച് പത്രികകളാണ് സ്വീകരിച്ചത്.
പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ച ശേഷമാകും സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം നൽകുക. മുന്നണി സ്ഥാനാർഥികളിൽ എറണാകുളത്ത് മാത്രമാണ് സ്വതന്ത്ര ചിഹ്നത്തിൽ ഇടത് സ്ഥാനാർഥി മനു റോയി മത്സരിക്കുന്നത്.