Kerala

29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം

സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം. രാവിലെ 10 മണി മുതൽ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടെണ്ണലാരംഭിക്കും. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 76.78 ശതമാനമായിരുന്നു പോളിംഗ്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

29 വാർഡുകളിലായി 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സ്ഥാനാർഥികളിൽ 40 പേർ സ്ത്രീകളാണ്. ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻറെ www.lsgelection.kerala.gov.in സൈറ്റിലെ ട്രെൻഡിൽ ലഭിക്കും.

ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകൾ

തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം.

കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം.

പത്തനംതിട്ട – പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി.

ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്.

ഇടുക്കി – ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം.

എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം.

തൃശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം.

പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി.

മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്.

കോഴിക്കോട് -മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ.

വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.