India Kerala

ഒരു നാള്‍ മാത്രം ബാക്കി; മണ്ഡലങ്ങളിലൂടെ ഓടി നടന്ന് നേതാക്കള്‍

ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.കെ ആന്‍ണി, ഉമ്മന്‍ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെല്ലാം പ്രചാരണ രംഗത്ത് ഇന്നും സജീവമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

അരൂരിലെ എല്‍.ഡി.എഫ് വേദികളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ബി.ജെ.പി നേതാക്കളും അരൂരില്‍ പ്രചാരണ രംഗത്തുണ്ട്.

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടിയുള്ള വി.എസ് അച്യുതാനന്ദന്‍റെ റാലി വൈകീട്ട് നടക്കും. കുന്നുകുഴിയിലും പേരൂര്‍ക്കടയിലും നടക്കുന്ന യു.ഡി.എഫ് പോതുയോഗങ്ങളില്‍ എ.കെ ആന്‍റണി പങ്കെടുക്കും.

കനത്ത മല്‍സരം നടക്കുന്ന മഞ്ചേശ്വരത്ത് കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം നടത്തുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദാരാമയ്യ യു.ഡി.എഫിനായി പ്രചാരണ രംഗത്തുണ്ട്.

എല്‍.ഡി.എഫ് പ്രചാരണ വേദികളില്‍ മന്ത്രിമാരായ കെ.ടി ജലീലും സി.രവീന്ദ്രനാഥും സജീവമാണ്. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. എറണാകുളത്തെ യു.ഡി.എഫ് പ്രചാരണ വേദിയില്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ അടക്കമുള്ള നേതാക്കള്‍ സജീവമാണ്.

പാലാരിവട്ടം അഴിമതി ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചാരണം. കോന്നിയില്‍ ഇരട്ടവോട്ടാണ് യു.ഡി.എഫ് ഉന്നയിക്കുന്നതെങ്കില്‍ സര്‍ക്കാരിന്‍റെ വികസന നേട്ടമാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്നത്. ശബരിമല വിഷയം ഉയര്‍ത്തിയാണ് ബിജെപി വോട്ട് തേടുന്നത്. യു.ഡി.എഫ് പ്രചാരണ വേദിയില്‍ രമേശ് ചെന്നിത്തല സജീവമായുണ്ട്. എല്‍.ഡി.എഫിനായി മന്ത്രി കെ.കെ ശൈലജയും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നുണ്ട്.