കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ധാരണ. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ചുമാറില്ല. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനും എറണാകുളത്ത് ടി.ജെ വിനോദിനും സാധ്യത. അരൂരില്‍ ജില്ലാ പഞ്ചായത്തംഗം രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ് എന്നിവരെ കൂടി പരിഗണിക്കുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നു.
നേരത്തെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റുകള്‍ വെച്ച് മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐ ഗ്രൂപ്പിന്‍റെ കൈവശമുള്ള വട്ടിയൂര്‍ക്കാവ് ഏറ്റെടുത്ത് മുന്‍ എം.എല്‍.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച എ ഗ്രൂപ്പില്‍ ശക്തമായിരുന്നു. കെ മുരളീധരന് എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് അനുകൂല നിലപാടാണുണ്ടായിരുന്നത്. എ ഗ്രൂപ്പ് മത്സരിച്ച അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കാമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ഷാനിമോള്‍ ഉസ്മാനെ ആ സീറ്റിലേക്ക് പരിഗണിക്കാനുമായിരുന്നു സാധ്യത.
കോന്നിയില്‍ അടൂര്‍പ്രകാശിനെ പിണക്കി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാവില്ല. ഇവിടെ അടൂര്‍പ്രകാശ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥിയെ പത്തനംതിട്ട ഡി.സി.സിയില്‍ തന്നെ എതിര്‍ക്കുന്നവരുണ്ട്. അടൂര്‍പ്രകാശിനെ പിണക്കി കോന്നിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ വിജയസാധ്യതയെ ബാധിക്കും. അതിനാല്‍ തന്നെ അദ്ദേഹത്തെ അനുനയിപ്പിച്ച് മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്.