Kerala

പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി ട്വന്റിഫോറിനോട് പറഞ്ഞു.

പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവീസ് നടത്തുന്ന 150 ഓളം സ്വകാര്യ ബസുകൾ
കഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല. ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്ക്ക് തയാറായില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു. അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

മോട്ടോർ വാഹന മേഖലയിൽ ഉപജീവനം നടത്തുന്ന കേരളത്തിലെ മുഴുവൻ പേരെയും അണിനിരത്തി പണിമുടക്കിന് ഒരുങ്ങുകയാണ് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 1 ന് ശേഷം തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് തന്നെ നീങ്ങുമെന്നും ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.