Kerala

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; ബിജെപി കൗൺസിലർ അറസ്റ്റിൽ

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. പി.ടി.പി നഗർ വാർഡ് കൗൺസിലർ വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന കുറ്റം ചുമത്തിയായിരുന്നു കൗൺസിലറുടെ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടമൺകടവ്‌ ഇലിപ്പോട്‌ സ്വദേശി ശബരി എസ്‌ നായരെയും ഇന്ന് രാവിലെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ്‌ നാഥും ചേർന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌. രണ്ടാം പ്രതി കൃഷ്‌ണകുമാർ മുൻപ് അറസ്റ്റിലായിരുന്നു.

ആശ്രമം കത്തിക്കൽ കേസിലെ ഒന്നാം പ്രതി കുണ്ടമൺകടവ്‌ സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ നേരത്തേ ആർഎസ്‌എസ്‌ പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ കേസിലടക്കം ഇവർ പങ്കാളികളായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനെ പ്രതികളിലേക്ക്‌ എത്തിച്ചത്.

ആശ്രമം കത്തിക്കലിന്‌ നേതൃത്വം നൽകിയത്‌ ആർഎസ്‌എസ്‌ പ്രവർത്തകരായ പ്രകാശും ശബരിയുമാണെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത്‌ സാധൂകരിക്കുന്ന നിരവധി ശാസ്‌ത്രീയ തെളിവുകളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ആക്രമണത്തിന്‌ ഉപയോഗിച്ച ബൈക്ക്‌ പൊളിച്ച്‌ വിൽക്കാനടക്കം നേതൃത്വം നൽകിയതും ശബരിയാണെന്ന്‌ വ്യക്തമായി.

സംഭവത്തിൽ പ്രകാശിന്‌ പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ്‌ ആത്മഹത്യക്ക്‌ കാരണമായതെന്നും സഹോദരൻ പ്രശാന്ത്‌ നൽകിയ മൊഴിയാണ്‌ അന്വേഷണത്തിൽ വഴിത്തിരിവായത്‌. ഇയാൾ പിന്നീട്‌ മൊഴി മാറ്റിയെങ്കിലും പൊലീസ്‌ നിർണായക തെളിവുകൾ ശേഖരിച്ചിരുന്നു. പൂ‍ജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കന്‍റോൺമെന്‍റ് അസിസ്റ്റൻറ് കമ്മീഷണറുടെയും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റൻറ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.