ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമർദത്തിന്‍റെ വേഗത. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്.
പക്ഷേ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം തുടരുന്നുണ്ട്. അഞ്ച് ജില്ലകളിലെ റെഡ് അലേർട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ, അടിയന്തര ഘട്ടമുണ്ടായാൽ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താൻ സന്നിധാനത്ത് ചേർന്ന അടിയന്തര സുരക്ഷാ അവലോകനയോഗം തീരുമാനിച്ചു. ശക്തമായ കാറ്റിലും മഴയിലും സ്വാമി അയ്യപ്പന്‍ റോഡില്‍ തടസങ്ങള്‍ ഉണ്ടായാല്‍ അവ നീക്കം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും യോഗം ഉറപ്പുവരുത്തി.
പൊലീസ് സ്പെഷ്യൽ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ശബരിമലയിലെ വിവിധ സുരക്ഷാ സംവിധാനങ്ങള്‍ യോഗം അവലോകനം ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ശബരിമലയിലെയും പമ്പയിലെയും ഔദ്യോഗിക സംവിധാനങ്ങള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി.