India Kerala

ശബരിമല സ്ത്രീപ്രവേശം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍ക‌ണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി‌കള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയുമാണ് ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചുള്ള കോടതിവിധി നിലനില്‍ക്കുന്നതാണെന്ന് ബിന്ദു അമ്മിണി അപേക്ഷയില്‍ വാദിച്ചിരുന്നു. വിധി നിലനില്‍ക്കുന്നതാണോ അതോ സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വന്നേക്കും.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ ബഞ്ചിന് വിട്ടതാണല്ലോയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ‌ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അതേസമയം നേരത്തെ ജസ്റ്റിസ് ഫാലി എസ് നരിമാന്‍ വിധി നിലനില്‍ക്കുന്നതാണെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ‌ശബരിമല ആചാര സംരക്ഷണ സമിതി നല്‍കിയ തടസഹരജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.