സി.എ.ജി റിപ്പോര്‍ട്ട്; പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം ഉടന്‍ വന്നേക്കും
സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെ ഉണ്ടായേക്കും. റിപ്പോര്‍ട്ട് ഓരോ ദിവസവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന ആലോചനയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭയോഗത്തിലും വിഷയം പരാമര്‍ശിക്കപ്പെട്ടേക്കാം.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.വിവാദങ്ങള്‍ ഒരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ നിലപാട് വിശദീകരിച്ച് പൊലീസ് പത്രക്കുറിപ്പ് ഇറക്കാനാണ് ആലോചിക്കുന്നത്. റൈഫിളുകള്‍ നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വെടിയുണ്ടകള്‍ എവിടെപ്പോയി എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. സ്വാഭാവികമായും ഇക്കാര്യങ്ങളിലുള്ള വിശദീകരണം പൊലീസ് ആസ്ഥാനത്ത് നിന്ന് തന്നെ വൈകാതെ വരാനാണ് സാധ്യത.
വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന അഭിപ്രായം സര്‍ക്കാര്‍ തലത്തിലുമുണ്ട്. സിഎജി റിപ്പോര്‍ട്ടില്‍ കൃത്യമായ വിശദീകരണം നല്‍കുമ്പോള്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍. മുന്‍കാലങ്ങളിലും ഇതേ സ്വഭാവത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടാവുകയും അതിന് മറുപടി നല്‍കിയതോടെ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവ ഗൌരവുമുള്ള വിഷയമായി സര്‍ക്കാര്‍ ഇതിനെ കാണുന്നില്ല.