കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയ വൈദ്യുത ബില്ല് കേന്ദ്രീകരിച്ചാണ് അന്വേഷണം.
വെടിയുണ്ടകൾക്ക് 35 വർഷത്തിലധികം പഴക്കമുള്ളതിനാൽ മുൻ സൈനികരിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ട്. വെടിയുണ്ടകൾ പൊതിഞ്ഞ പേപ്പറിനുള്ളിൽ നിന്നുലഭിച്ച വൈദ്യുത ബില്ല് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
തമിഴ്‌നാട്ടിലെ ബില്ലായതിനാൽ തമിഴ്നാട് പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വെടിയുണ്ട പൊതിഞ്ഞിരുന്നത് ജനുവരി 28ലെ 2 പത്രങ്ങളിലാണ്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. 35 വർഷത്തോളം പഴക്കമുള്ളതാണ് വെടിയുണ്ടാകളെന്ന് സംസ്ഥാന പോലീസും മിലിറ്ററി ഇന്റലിജൻസും കണ്ടെത്തിയിരുന്നു.
ദേശീയ അന്വേഷണ ഏജൻസികൾ സംഭവത്തിൽ കുളത്തൂപ്പുഴയിലെത്തി അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്തുനിന്നാണ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയത്.