Kerala

വനമേഖലയിലെ ബഫര്‍ സോണ്‍; ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു

സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം വ്യാപകം. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് മനുഷ്യമതില്‍ സംഘടിപ്പിക്കും. കോടതി ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.

പരിസ്ഥിതി ലോലമേഖലയിലെ നിയന്ത്രണം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവില്‍ വലിയ ആശങ്കയാണ് ജില്ലയിലുള്ളത്. ബത്തേരി നഗരവും കൂടുതല്‍ ജനവാസ കേന്ദ്രങ്ങളും ബഫര്‍ സോണ്‍ നിര്‍ദേശം ബാധകമായാല്‍ പ്രതിസന്ധിയിലാകും. ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട് ബത്തേരി നഗരസഭ പരിധിയില്‍ ഈ മാസം 12ന് എല്‍ഡിഎഫ് മനുഷ്യമതില്‍ ഒരുക്കി പ്രതിഷേധിക്കും.

സുപ്രിംമകോടതി നിര്‍ദ്ദേശം നടപ്പിലായാല്‍ 60 ശതമാനവും ബാധിക്കുന്ന ബത്തേരി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉത്തരവിനെതിരെ പ്രമേയം പാസാക്കി. എങ്ങനെ ഉത്തരവ് മറികടക്കാം എന്നതില്‍ നിയമോപദേശം തേടും. നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിരോധം തീര്‍ക്കാനും തീരുമാനിച്ചതായി നഗരസഭാ അധ്യക്ഷന്‍ കെ ടി രമേഷ് പറഞ്ഞു.

അതേ സമയം മുസ്ലീം ലീഗ് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ഈ മാസം 14ന് നഗരസഭാ പരിധിയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.