Kerala

ബഫര്‍ സോണ്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം; ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും

പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും.

എം എം മണിക്കെതിരായ പ്രതിപക്ഷ സംഘടനകളുടെ അധിക്ഷേപവും സഭയില്‍ ഉയര്‍ന്ന് വന്നേക്കും. അതേസമയം, തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നിരിക്കെ സഭാ നടപടികളുമായി സഹകരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചോദ്യോത്തര വേളയില്‍ ദേവസ്വം, ഫിഷറീസ്, വനം, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹര്‍ജി നല്‍കാനാണ് ആലോചന.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രിം കോടതി വിധിയില്‍ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടിപരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.