കൊവിഡ് വ്യാപനം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത് രംഗം മൂന്ന് തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുവരുന്നത്. മഹാമാരി സൃഷ്ടിച്ച ആരോഗ്യ രംഗത്തെ സവിശേഷ സാഹചര്യം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത് മൂലമുള്ള നിശ്ചലാവസ്ഥ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ഇതിനെ മറികടക്കുന്നതിനായി രാജ്യത്തെ അതി സമ്പന്നരില്‍ നിന്നും കൊവിഡ് നികുതിയെന്ന പേരില്‍ നികുതി ഈടാക്കാനാണ് കേന്ദ്രനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ 5 മുതല്‍ 10 ശതമാനം വരെ വരുന്ന അതിസമ്പന്നരെയാണ് നികുതി നേരിട്ട് ബാധിക്കുക. കൊവിഡ് മഹാമാരി കാലത്ത് സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദരിദ്രരുടെ വാര്‍ഷിക വരുമാനത്തില്‍ 53 ശതമാനം കുറവുണ്ടായപ്പോള്‍ അതി സമ്പന്നരായ 20 ശതമാനത്തിന്റെ സമ്പത്തില്‍ 39 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുകിട, ഇടത്തരം വ്യവസായങ്ങളെ വളര്‍ത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും അനുകൂലമായ നയങ്ങളാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷകള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ ജനപ്രിയ ബജറ്റായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യരംഗത്തിന്റെ വികസനത്തിന് ഇത്തവണയും ഊന്നല്‍ നല്‍കുമെന്നും കരുതപ്പെടുന്നുണ്ട്.