കാശ്‌മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിന് ഇന്ത്യയിൽ പ്രവേശന വിലക്ക്. പ്രതിപക്ഷ ലേബർ പാർട്ടി എം.പി ഡെബ്ബി അബ്രഹാംസിനെയാണ് ദൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത്.
അടുത്ത ചില ബന്ധുക്കളെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് എം.പി ഡെബ്ബി അബ്രഹാംസ് തിങ്കളാഴ്ച ദൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എന്നാൽ ഒരു ക്രിമിനലിനോടെന്ന പോലെ വളരെ മോശമായ പെരുമാറ്റമാണ് വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്നതെന്ന് ദൽഹിയിൽ നിന്ന് മടങ്ങിയ ഡെബ്ബി പറഞ്ഞു. വിസ നിഷേധിച്ചതായും അടുത്ത വിമാനത്തിൽ തന്നെ തിരിച്ചു പോകണമെന്നും രോഷത്തോടെയാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. സ്വകാര്യ സന്ദർശനം മാത്രമാണിതെന്നും കാശ്‌മീർ സന്ദശിക്കുക ലക്ഷ്യമല്ലെന്നും ഡെബ്ബി വ്യക്തമാക്കി.
കശ്മീരിനുള്ള പ്രത്യേക അവകാശം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടി തികഞ്ഞ മുസ്‌ലിം വിവേചനമാണെന്ന് ഡെബ്ബി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി യൂറോപ്യൻ പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചത് അടുത്തിടെയാണ്. ബ്രിട്ടീഷ് പാർലമെൻറ് എം.പിക്ക് സന്ദർശനാനുമതി നിഷേധിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയാണ്. കശ്മീർ വിഷയം കൂടുതൽ അന്താരാഷ്ട്രവത്കരിക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്ന വിമർശവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.