Kerala

ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങല്‍; കേസില്‍ കേന്ദ്ര ഇടപെടലുണ്ടാകുന്നു

ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നു. സൈബി ജോസിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. വിഷയം സ്ഥീരീകരിച്ച് അഡ്വ ജോസഫ് ജോണ്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

കേസില്‍ കൃത്യമായ അന്വേഷണാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് കത്ത് ലഭിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ കത്ത് വിശദമായി ചര്‍ച്ച ചെയ്തു. നടപടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിശദീകരണമാവശ്യപ്പെട്ട് അസോസിയേഷന്‍ സൈബി ജോസിന് നോട്ടീസ് നല്‍കും. അഭിഭാഷകന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിക്ക് ബാര്‍ കൗണ്‍സില്‍ ഒരുങ്ങും.

സൈബി ജോസിനെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക ദൂതന്‍ വഴിയാണ് പ്രസ്തുത റിപ്പോര്‍ട്ട് കൈമാറിയത്. ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക. ജഡ്ജിമാരുടെ പേരിലാണ് കോഴ വാങ്ങിയതെന്ന ആരോപണവും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന കോഴ വാങ്ങിയന്ന ആരോപണം അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവരുന്നത്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സാണ് കണ്ടെത്തിയത്.