Kerala

100 കോടി രൂപ കാണാനില്ല; കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതി

കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ ഐ.എ.എസ്. 100 കോടി രൂപ കാണാനില്ല. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടിസി ഒന്നുകിൽ നന്നാക്കുമെന്നും അല്ലെങ്കിൽ പുറത്തുപോകുമെന്നും ബിജു പ്രഭാകർ ഐ.എ.എസ് തുറന്നടിച്ചു.

“ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ശറഫുദ്ധീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സർവീസിൽ തിരിച്ചെടുത്തു.”ബിജു പ്രഭാകർ ഐ.എ.എസ് ആരോപിച്ചു. ”100 കോടി രൂപയാണ് കാണാതായിരുന്നത്. ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല.ഇത് ടോപ് മാനേജ്മെന്റിന്റെ പിടിപ്പ് കേട് തന്നെയാണ്. അവർക്കെതിരായ ശിക്ഷണ നടപടികൾ തുടങ്ങുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് എം.ഡി ഉന്നയിച്ചിരിക്കുന്നത്. ജീവനക്കാരിൽ ചിലർ ഡീസൽ മോഷ്ടിക്കുന്നു. 10 ശതമാനം പേർക്ക് കെഎസ്ആർടിസി നന്നാകണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.