ഇടുക്കി തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എസ്സി ഡെവലപ്മെന്റ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായി. തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് താനാണെന്നും അതിന് പണം വേണമെന്നുമാണ് ക്ലര്‍ക്ക് ആവശ്യപ്പെട്ടത്. 2019ല്‍ 60,000 രൂപയും 2020ല്‍ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇത്തവണയും സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മൂന്നാര്‍ സ്വദേശി പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വിജിലന്‍സിനെ വിവരമറിയിച്ചത്.