സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിനുമുന്നില്‍ ഫോണ്‍ ഹാജരാക്കാത്തതിനാലാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നത്. കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്.
ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. ഇതില്‍ ആദ്യ ഗഡുവായ ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്നായിരുന്നു ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ വച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പും നടത്തിയിരുന്നു.
കെ. സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ 25 ലക്ഷം കൈമാറിയ സ്ഥലമെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലും തെളിവെടുപ്പ് നടത്തിയിരുന്നു. പൂജാ ദ്രവ്യമെന്ന രീതിയില്‍ പണം നല്‍കിയ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പ്രസീത വീണ്ടുമാവര്‍ത്തിച്ചിരുന്നു.