Kerala

‘ജീവന്‍റെ വിലയിലുള്ള ജാഗ്രത’: ബ്രേക്ക് ദ ചെയിന്‍‌ മൂന്നാം ഘട്ടത്തിലേക്ക്

സ്വയം സുരക്ഷിത വലയം തീർക്കാൻ ജനങ്ങൾ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ ഘട്ടത്തിൽ സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. ജീവന്റെ വിലയുള്ള ജാ​ഗ്രത എന്ന പേരിലാണ് മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 623 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 196 പേർ രോ​ഗ മുക്തരായി.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, മൂന്നാം ഘട്ടത്തിൽ രോ​ഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതാണ് സംസ്ഥാനത്ത് കണ്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം അറുന്നൂറ് കവിഞ്ഞു. സമ്പർക്കം വഴിയുള്ള രോ​ഗികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഈ കാലത്തുണ്ടായത്.

ആരിൽ നിന്നും രോ​ഗം പകരാം. സ്വയം സുരക്ഷിത വലയം തീർക്കാൻ ജനങ്ങൾ ശ്രമിക്കണമെന്ന സന്ദേശമാണ് ഈ ഘട്ടത്തിൽ സംസ്ഥാനം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദിവസം കഴിയുംതോറും കൂടുതൽ ജാ​ഗ്രത പുലർത്തണം. സംസ്ഥാനത്ത് മരണ നിരക്ക് കുറച്ച് നിർത്താൻ കഴിയുന്നത് ജാ​ഗ്രത മൂലമാണ്. ജീവൻ രക്ഷിക്കാനുള്ള തീവ്ര പോരാട്ടം തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.