എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും വിഷപ്പുക വ്യാപനവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. തീയും പുകയും തുടങ്ങി 12 ദിവസമാകുമ്പോഴും സർക്കാർ ഇടപെടൽ ഫലപ്രദമല്ല എന്നാണ് പ്രതിപക്ഷ ആരോപണം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി പ്രശ്നം ഉന്നയിക്കാനാണ് ആലോചന. ഈ വിഷയത്തെ ചൊല്ലി ഒരിടവേളക്കുശേഷം നിയമസഭ വീണ്ടും കലുഷിതമാകും. ആരോഗ്യവകുപ്പിനെ സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചയിലും പ്രതിപക്ഷം ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം ഉയർത്തും. ബ്രഹ്മപുരത്ത് ഫലപ്രദമായി ഇടപെട്ടു എന്നാണ് ഇക്കാര്യത്തിൽ സർക്കാർ വാദം.
ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു.
തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തുമെന്നും ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പോസ്റ്റിലൂടെ വ്യക്തമാക്കി.
കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ വളരെയേറെ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
799 പേരാണ് ഇതുവരെ ചികൽസ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു.സർക്കാർ മൻകൈയെടുത്ത് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഇതിൽ ഉറപ്പാക്കും. അർബൺ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും.
കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.