Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു. നേരത്തെ, തീയണയ്ക്കാൻ കോർപറേഷൻ ഹിറ്റാച്ചികൾ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയർഫോഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി.