ആലുവ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. പഴക്കമുള്ളതിനാല്‍ മുഖം വികൃതമായ നിലയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
പഴക്കം ചെന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാതായതാണ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് 154 സെന്റീമീറ്റര്‍ ഉയരമുള്ളതായും ഇവരുടെ കീഴ്ചുണ്ടില്‍ മറുകുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കളര്‍ ലെഗിന്‍സും നീല ടോപ്പുമായിരുന്നു വേഷം. 25നും 30നും ഇടയില്‍ പ്രായം കണക്കാക്കുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹത്തില്‍ മറ്റ് പരിക്കുകളുടെ ലക്ഷണങ്ങളിലില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലയില്‍ നിന്ന് കാണാതായതായി പരാതി ഉയര്ന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഇതരസംസ്ഥാനതൊഴിലാളികളേയോ നാടോടി സ്ത്രീകളയോ കാണാതായിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആലുവ പെരിയാറില്‍ മംഗലപുഴ പാലത്തിനടുത്ത് വിന്‍സെഷന്‍ സെമിനാരിയുടെ കടവില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്.