കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപിക്കെതിരെ മുഖ്യമന്ത്രി. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണെന്നും ധര്‍മരാജന്‍ ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് ( black money case kodakara ) അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. തെളിവുകളുടെ ഭാഗമായി ഇവര്‍ പിന്നീട് പ്രതികളായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിക്ക് സിപിഐഎമ്മുമായി അന്തര്‍ധാരയുണ്ടെന്ന് റോജി എം ജോണ്‍ എംഎല്‍എ ആരോപിച്ചു. ചോദ്യം ചെയ്യാന്‍ വൈകിപ്പിച്ചതിലൂടെ കെ സുരേന്ദ്രന് രക്ഷപെടാന്‍ വഴിയൊരുക്കി നല്‍കിയെന്നും കൊടകര കേസില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയില്‍ ആക്ഷേപമുന്നയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേസിന്റെ മെറിറ്റിന് അപ്പുറത്തേക്ക് ബിജെപിയുമായി ബന്ധമുള്ളത് ഭരണപക്ഷത്തിനാണോ പ്രതിപക്ഷത്തിനാണോ എന്ന വാഗ്വാദമാണ് സഭയിലുണ്ടായത്.
‘ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ അവര്‍ കേസിലെ പ്രതികളായി മാറിയേക്കാം, പൊലീസ് അന്വേഷണം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാണ് നടന്നത്, കള്ളപ്പണം ബിജെപിയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്’.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രതിപക്ഷത്തിന് കൃത്യമായി അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷത്തിന് നേരെയുള്ള കടന്നാക്രമണം മുഖ്യമന്ത്രി നടത്തിയത്. ബിജെപിയെ അത്ര വിശ്വാസമാണ് പ്രതിപക്ഷത്തിന്. പ്രാതിനിധ്യമില്ലാത്ത ബിജെപിക്ക് വേണ്ടി നിയമസഭയില്‍ പ്രതിപക്ഷം സംസാരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് അന്വേഷണം എങ്ങനെ നടക്കരുതെന്ന് കേന്ദ്ര ഏജന്‍സികള്‍ കാണിച്ചുതന്നെന്നും യുഡിഎഫിന് ബിജെപി വിധേയത്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ബിനീഷ് കോടിയേരിയെ പരാമര്‍ശിച്ചുകൊണ്ട് റോജി എം ജോണ്‍ സംസാരിച്ചതിനെതിരെ പ്രകോപിതനായാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മയക്കുമരുന്ന് കേസില്‍ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ തരംതാണ രീതി സഭയില്‍ സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയെ കണ്ട് ഷാള്‍ അണിയിച്ചതിനെതിരെ റോജി എം ജോണ്‍ നടത്തിയ പ്രസ്താവനയിലും മുഖ്യമന്ത്രി മറുപടി നല്‍കി. അതില്‍ എന്താണ് തെറ്റെന്നും നാടിന്റെ വികസനത്തിന് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി താന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.