ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ജനുവരി 10ന് പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് കേന്ദ്ര നേതാക്കള്‍ ജനുവരിയില്‍ കേരളത്തില്‍ എത്തും. കുമ്മനം അടക്കമുളള നാല് നേതാക്കളാണ് സാധ്യത പട്ടികയില്‍ ഉള്ളത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചില്ല.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കേരളത്തില്‍ ശക്തമായി നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാന അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ആദ്യവാരം കോര്‍കമ്മിറ്റി ചേരും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ എത്തി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയാകും അധ്യക്ഷനെ പ്രഖ്യാപിക്കുക.
ഇതിനുമുന്നോടിയായി മണ്ഡലം പ്രസിഡണ്ടുമാരെയും ജില്ലാ പ്രസിഡണ്ട് മാരെയും തെരഞ്ഞെടുക്കും. കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. എന്നാൽ കേന്ദ്രനേതൃത്വത്തിന് താല്പര്യമുള്ള മറ്റു ചിലരുടെ പേരുകൾ കൂടി പറഞ്ഞു കേൾക്കുന്നുണ്ട്. അങ്ങനെ വന്നാൽ അപ്രതീക്ഷിതമായി മറ്റാരെങ്കിലും അധ്യക്ഷസ്ഥാനത്തേക്ക് വന്നേക്കാം.