India Kerala

ശബരിമല യുവതി പ്രവേശനം; ബി.ജെ.പി സമരങ്ങള്‍ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം

ശബരിമല യുവതി പ്രവേശന പ്രശ്നമുയർത്തി ബി.ജെ.പി നടത്തിയ സമരങ്ങൾ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത് സംസ്ഥാന സമിതിയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ഈ വിഭാഗം. സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടു നിന്ന് എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

സുപ്രിം കോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ബി.ജെ.പി നടത്തിയ സമരങ്ങൾക്ക് വീര്യം പോരാ എന്ന് തുടക്കത്തിലെ പാർട്ടിയിൽ വിമർശനമുയർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്നിധാനത്ത് അറസ്റ്റിലായതോടെ സമരത്തിലും ഗ്രൂപ്പ് പ്രവർത്തനം പ്രകടമായി. സുരേന്ദ്രന്റെ അറസ്റ്റിൽ കാര്യമായി പ്രതികരിച്ചില്ലെന്ന് കാട്ടി പാർട്ടിയിൽ വിവാദമുണ്ടയതോടെയാണ് പ്രതിഷേധങ്ങളുണ്ടായത്. സുരേന്ദ്രന്റ ജയിൽ മോചനത്തിന് ശേഷം നിയമപോരാട്ടത്തിന് പാർട്ടി പിന്തുണയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

ഏറ്റവും പ്രധാന സമരമായിരുന്നു സെക്രട്ടറിയേറ്റ് നടയിലെ സമരം എന്നാൽ തുടക്കത്തിൽ മുൻ നിര നേതാക്കൻമാർക്ക് ശേഷം ഒരു വിഭാഗം നേതാക്കൾ നിരാഹാരം അനുഷ്ഠിക്കാൻ തയ്യാറായില്ല. വി.മുരളീധരനും, കെ.സുരേന്ദ്രനും പാർട്ടി ആവശ്യത്തോട് മുഖം തിരിച്ചു. ഇതോടെയാണ് മറുവിഭാഗം നേതാവ് പി.കെ കൃഷ്ണദാസ് അവസാനമായി നിരാഹാരത്തിന് തയ്യാറായത്. സമരങ്ങളുടെ അവലോകനങ്ങൾക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുമായി അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതിയിൽ രൂക്ഷമായ തർക്കമുണ്ടാവാനാണ് സാധ്യത.