Kerala

”ബി.ജെ.പിയുടെ പ്രചരണായുധം ലവ് ജിഹാദും വര്‍ഗീയതയും”

വർ​ഗീയത പറഞ്ഞ് വോട്ട് പിടിക്കാനെ ബി.ജെ.പിക്ക് സാധിക്കുകയുള്ളൂവെന്നും, കേരളത്തിൽ അത് വിലപോകില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇ ശ്രീധരനെ പോലുള്ള ടെക്നോക്രാറ്റുകളെ കൊണ്ട് വരുന്നത് ബി.ജെ.പിക്ക് പ്രയോജനം ചെയ്യില്ലെന്നും തരൂർ പി.ടി.ഐയോട് പറഞ്ഞു.

ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിൽ വിലപോകില്ല. ലവ് ജിഹാദ് പ്രചാരണായുധമാക്കുന്ന ബി.ജെ.പി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. എന്നാൽ കേരളം അതിന് പറ്റിയ മണ്ണല്ല. എന്‍പത്തിയെട്ട് വയസ്സുള്ള ഒരു ടെക്നോക്രാറ്റിനെ ഉയര്‍ത്തിക്കാണിക്കുന്നത് കേരളത്തിന്‍റെ രാഷ്ട്രീയ പ്രതിസന്ധിയുടെ പരിഹാരമാകില്ലെന്നും ശശി തരൂർ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി വോട്ട് ചോദിച്ചാലെ വിജയിക്കൂ എന്ന വാദം തെറ്റാണെന്നും ശശി തരൂർ പറഞ്ഞു. കോൺ​ഗ്രസിൽ നേതൃപാടവുമുള്ള ഒരുപാട് നേതാക്കളുണ്ട്. അവരിൽ യോജിച്ചയാൾ തന്നെ മുഖ്യമന്ത്രിയാകും. കേരളം ഇത്തവണ യു.ഡി.എഫിന് അനുകൂലമാണെന്നും തരൂർ പറഞ്ഞു.

കേരളത്തിലെയും ബം​ഗാളിലെയും കോൺ​ഗ്രസ് – സി.പി.എം ബന്ധത്തെ കുറിച്ച് ചോദിക്കുന്നവരുണ്ട്. ഇന്ത്യ പോലെ വൈവിധ്യങ്ങളുള്ള ദേശത്ത് ഓരോയിടത്തും ഓരോ രാഷ്ട്രീയ സാഹചര്യമാണുള്ളത്. കേരളത്തിൽ എതിർ ചേരിയിൽ നിൽക്കുമ്പോൾ തന്നെ, ദേശീയ തലത്തിൽ മതേതരത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി യോജിക്കാവുന്നിടങ്ങളിൽ കോൺ​ഗ്രസ് യോജിക്കുമെന്നും തരൂർ പറഞ്ഞു.