നഗരസഭകളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെയും ഉപധ്യാക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനില്‍ക്കെ ബി.ജെ.പി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിക്ക് അകത്തെ തർക്കമാണ് തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം.
കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്കാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ പ്രഖ്യാപനം വൈകുന്നതിന് കാരണം. ജോർജ് കുര്യന്റെ നേതൃത്വത്തിൽ നഗരസഭയിലെ കൗൺസിലർമാരുടെ വോട്ടെടുപ്പ് നടത്തിയിരുന്നു. ശ്രീ രാം പാളയത്തെ കൗൺസിലർ ടി. ബേബിക്കാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ അടുത്ത അനുയായി സ്മിതേഷിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ഒരു വിഭാഗം നേതാക്കൻമാർ തയ്യാറായില്ല.
സമവായത്തിലെത്താൻ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് രാവിലെ 9 മണിക്ക് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം എടുക്കുമെന്നാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ടി. ബേബി, മിനി കൃഷ്ണകുമാർ, പ്രിയ, പ്രമീള ശശിധരൻ എന്നിവരിൽ ഒരാളെ ചെയർപേഴ്സണും പി. സാബു, വി. നടേശൻ, ഇ.കൃഷ്ണദാസ്, സ്മിതേഷ് എന്നിവരിൽ ഒരാളെ വൈസ് ചെയർമാൻ ആക്കാനുമാണ് ബി.ജെ.പി ആലോചിക്കുന്നത്.
28 കൗൺസിലർമാരാണ് ബി.ജെ.പിക്കുള്ളത്. ഏതെങ്കിലും കൗൺസിലർമാർ വോട്ട് പ്രതിപക്ഷത്തിന് മറിച്ച് നൽകുകയോ, അസാധുവാക്കുകയോ ചെയ്താൽ ബി.ജെ.പിക്ക് വലിയ നാണക്കേട് ഉണ്ടാകും.