India Kerala

പിള്ള മിസോറാം ഗവര്‍ണര്‍; ബി.ജെ.പിയുടെ പുതിയ അധ്യക്ഷനാര്?

ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ ബി.ജെ.പിയിൽ ഇനി സജീവമാകും. വത്സന്‍ തില്ലങ്കേരിയെ പ്രസിഡന്റാക്കാനാണ് ആര്‍.എസ്.എസിന് താത്പര്യം.

പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം. 5 ഉപതെരെഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ ദയനീയ പ്രകടനം കണ്ട് തർക്കങ്ങൾ തുടങ്ങുന്നതിന് മുമ്പാണ് ശ്രീധരൻ പിള്ളയെ മാറ്റിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ച് ഗ്രൂപ്പ് വടംവലിയും തകൃതിയാണ്. ഡിസംബർ പകുതിയോടെ പുതിയ അധ്യക്ഷനെ തെരെഞ്ഞെടുക്കാനുള്ള പാർട്ടിയുടെ സംഘടന തെരെഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.ഈ സഹചര്യത്തിൽ പുതിയ അധ്യക്ഷൻ ഉടൻ വേണ്ടെന്നായിരിക്കും ദേശീയ നേതൃത്വത്തിന്റെ നിലപാട്. കുമ്മനം രാജശേഖരന് പകരം പുതിയ ആളെത്താൻ നാല് മാസമെടുത്തിരുന്നു.

സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ അധ്യക്ഷൻ ഉണ്ടാകുമെങ്കിലും അത് മുന്നിൽ കണ്ടുള്ള ചരട് വലികളും ആരംഭിച്ചിട്ടുണ്ട്. വി മുരളീധരപക്ഷം കെ.സുരേന്ദ്രന്റെ പേരും പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിന്റെ പേരുമാണ് ഉയർത്തുന്നത്. വത്സൻ തില്ലങ്കേരിയുടെ പേരിൽ ആർ എസ്.എസിന് താൽപര്യമുണ്ടെന്നാണ് അറിവ്. ശോഭ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമുണ്ട്. കുമ്മനം രാജശേഖരൻ ഈ സ്ഥാനത്തേക്ക് വരാൻ താൽപര്യമില്ലെന്ന കാര്യം നേരത്തെ അറിയിച്ചതാണ്.