ബിജെപി നേതാവ് അഡ്വ. രൺജീത് വധക്കേസിൽ എസ്ഡിപിഐയുടെ ആലപ്പുഴ നഗരസഭാ കൗൺസിലർ കസ്റ്റഡിയിൽ. സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ഈപ്പോൾ ചോദ്യം ചെയ്യുകയാണ്. നഗരസഭയിലെ ഏക എസ്ഡിപിഐ പ്രതിനിധിയാണ് സലിം.
ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാൾ രാവിലെ ആറുമണിവരെ നീട്ടി. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് ഡി.ജി.പിയുടെ നിർദേശമുണ്ട്.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.