കേരളത്തിലെ ഉള്‍പാര്‍ട്ടി കലഹം രൂക്ഷമായിരിക്കെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും . പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണം എന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടു തുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറിക്കിയത്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങിയേക്കും.
പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ പ്രാഥമിക പരിശോധന കേന്ദ്രം പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പ്രസിഡന്റിന്റെ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഇതോടെയാണ് ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കടുത്ത അമർഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. അൽഫോൻസ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അണികള്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പേജില്‍ പോലും ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണ് പിടി മുറുക്കിയിരിക്കുന്നത്. ബി.ജി.ഡെ.എസില്‍ നിന്നും തൃശൂര്‍ തിരിച്ചെടുത്ത് അവിടെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ നീക്കവും കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയിരുന്നു. പക്ഷേ മണ്ഡലം വിട്ട് തരില്ലെന്നും പാര്‍ട്ടി അധ്യക്ഷന് തുഷാർ വെള്ളാപ്പള്ളി തന്നെ അവിടെ മത്സരിക്കും എന്നുമാണ് ബി.ഡി.ജെ എസ്സ് നിലപാട്. ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ സ്ഥാനാർഥികൾ ആകില്ല. പത്തനംതിട്ട കിട്ടില്ലെന്ന് കണ്ടതോടെയാണ് എം.ടി രമേഷിന്റെ പിന്മാറ്റം. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരുക.