India Kerala

ഗ്രൂപ്പ് കാരണം തമ്മിലടി; ഭാരവാഹികളെ നിശ്ചയിക്കാനാവാതെ ബി.ജെ.പി

ഗ്രൂപ്പ് പോരിനിടയിൽ ബി.ജെ.പിയിലെ പുതിയ സംസ്ഥാന ഭാരവാഹികൾക്കായുള്ള ചർച്ചകൾ ആരംഭിക്കാനാകാതെ കുഴയുന്നു. മുതിര്‍ന്ന നേതാക്കൾ അതൃപ്തി അറിയിച്ചതോടെ തമ്മിലടി പുറത്താകുകയും ചെയ്തു.

എം.ടി രമേശും എ.എൻ രാധാകൃഷണനും സംസ്ഥാനത്ത് ഭാരവാഹിയാകാനില്ലെന്നറിയിച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതോടെ സഹ ഭാരവാഹികൾക്കായുള്ള പുതിയ അധ്യക്ഷന്റെ ശ്രമങ്ങൾക്ക് തുടക്കത്തിലെ അടിയേറ്റു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉടൻ ഉണ്ടാവാനാണ് സാധ്യത. പുതിയ നേതൃത്വത്തെ വയ്ക്കണമെങ്കിലും ഗ്രൂപ്പ് പോര് ഉറപ്പാണ് അതാണ് ഭയക്കുന്നത്. കൃഷ്ണദാസ് വിഭാഗം തങ്ങളുടെ അതൃപ്തി പരസ്യപ്പെടുത്തിക്കഴിഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തി ഭാരവാഹി ചർച്ചക്ക് തുടക്കമിടാനാണ് ശ്രമം. എന്നാൽ ദേശീയ തലത്തിലെ ഭാരവാഹികളെ നിശ്ചയിക്കുക കൂടി ചെയ്യാനാണ് കെ.സുരേന്ദ്രന്റെ കാത്ത് നിൽപ്പ്. കേരളത്തിൽ ഇടഞ്ഞ് നിൽകുന്നവർക്ക് ദേശീയ ഭാരവാഹിത്വം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് താൽകാലികമായെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ.