Kerala

ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി: പാലക്കാട് നഗരസഭയില്‍ വീണ്ടും വിവാദം, പ്രതിഷേധം

ജയ് ശ്രീറാം ബാനർ വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത് വിവാദത്തിൽ. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്. പ്രതിപക്ഷ കൗൺസിലർമാരും വിവിധ യുവജന സംഘടനകളും പ്രതിഷേധിച്ചു.

നഗരസഭ കൗൺസിൽ ഹാളിനകത്ത് സ്റ്റാന്‍റിങ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇതിനിടയിലാണ് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. പൊടുന്നനെ പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. ഗാന്ധി പ്രതിമയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി. പൊലീസ് എത്തി കൊടി അഴിച്ചു മാറ്റി. നഗരസഭ ചെയർ പേഴ്സണെ യുഡിഎഫ് കൗൺസിലർമാർ ഏറെ നേരം ഉപരോധിച്ചു.

നഗരസഭക്ക് അകത്തെ ഗാന്ധി പ്രതിമക്ക് മുമ്പിൽ യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി. ദേശീയ പതാകയുമായാണ് കെ.എസ്.യു പ്രതിഷേധിച്ചത്. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാന്ധി പ്രതിമക്ക് പൂമാല ചാർത്തി ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

കൊടി കെട്ടിയ സംഭവത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, പൊലീസിൽ പരാതി നൽകുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റും നഗരസഭ വൈസ് ചെയർമാനുമായ ഇ.കൃഷ്ണദാസ് പറഞ്ഞു. സമീപത്തെ സിസിടിവികൾ പൊലീസ് പരിശോധിക്കുന്നുണ്ട്.