സംസ്ഥാനത്ത് ബി.ജെ.പിയുടെ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും ഒരിക്കല്‍ കൂടി തകര്‍ന്നടിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നിടവും പാര്‍ട്ടി വളര്‍ച്ചയുടെ ഗ്രാഫുകള്‍ തേടുന്ന ഇടങ്ങളായിട്ടും ഒരിടത്തു പോലും കാര്യമായ രീതിയില്‍ മുന്നോട്ട് പോകാനായില്ല. ഇത് വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കും.
വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം- ബി.ജെ.പിക്ക് കണക്ക് കൂട്ടലുകള്‍ ഏറെയായിരുന്നു. പക്ഷേ മോഹങ്ങള്‍ പൂവണിഞ്ഞില്ലെന്ന് മാത്രമല്ല. പറയത്തക്ക മുന്നേറ്റം സൃഷ്ടിക്കാനുമായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 16247 വോട്ടുകളും കുറഞ്ഞു. 2016ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പരാജയത്തിന്റെ ആഘാതം കൂടി. കെ സുരേന്ദ്രനെ കളത്തിലിറക്കി കോന്നിയില്‍ മുന്നേറ്റം സൃഷ്ടിക്കാമെന്ന പ്രതീക്ഷകളും അസ്ഥാനത്തായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ 6720 വോട്ടുകള്‍ കുറഞ്ഞു.
എറണാകുളത്തും അരൂരിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു കുറഞ്ഞതും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലെ തിരിച്ചടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ശക്തി പകരും. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ളവ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.