Kerala

ബസ് സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കം: കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘര്‍ഷം

തിരുവനന്തപുരത്തു ബസ് സ്റ്റോപ്പിനെ ചൊല്ലി സിപിഐഎം-ബിജെപി സംഘര്‍ഷം.കഴക്കൂട്ടത്താണ് ബസ്റ്റോപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്.ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍,സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.

കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടന്നപ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.നിര്‍മ്മാണം പൂര്‍ത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചിരുന്നു.ഇതിനെ ചൊല്ലി മുന്‍പ് തര്‍ക്കമുണ്ടാവുകയും പോലീസ് ഇടപെട്ടു പരിഹരിച്ചതുമായിരുന്നു.
വീണ്ടും ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ഇന്നലെ മുതല്‍ പുതിയ ബസ് സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെത്തി ബസുകള്‍ നിര്‍ത്തിച്ചിരുന്നു.പ്രശ്‌ന സാധ്യത മുന്നില്‍ കണ്ടു ഇന്ന് രാവിലെ മുതല്‍ പോലീസും സ്ഥലത്തു നിലയുറപ്പിച്ചു.ഉച്ചയോടെ ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.തര്‍ക്കത്തിനൊടുവില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗം പ്രവര്‍ത്തകരെയും പിരിച്ചു വിട്ടു. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍,സി.ഐ.ടി.യു പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. മര്‍ദനമേറ്റതായി ഇരുഭാഗവും പരാതി നല്‍കി.കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.