Kerala

ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന്; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവി ചർച്ചയാകും

ബിജെപി കോർകമ്മിറ്റി യോഗവും നേതൃയോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങൾ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.

സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് രാവിലെ 9 മണിക്ക് നടക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. നിലവിൽ സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ കോർകമ്മിറ്റി യോഗത്തിൽ ചർച്ചയാകും.

10.30നാണ് സംസ്ഥാന സമിതി യോഗം ആരംഭിക്കുന്നത്. 300 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. തൃക്കാക്കര തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി യോഗത്തിൽ ചർച്ചയായേക്കും. സ്വർണ്ണം ഡോളർ കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനം നിലച്ചു എന്ന പ്രചാരണവും പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.