India Kerala

വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളായി. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും. യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി. എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും.

ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കുന്നത്.

മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കെ. സുരേന്ദ്രനും. എന്നാല്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്ന്നിരുന്നു.