India Kerala

5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റെയും കോന്നിയിൽ കെ. സുരേന്ദ്രന്റെയും പേര് പട്ടികയിൽ. അതേസമയം ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനം.

കൊച്ചിയിൽ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികക്ക് രൂപം നൽകിയത്. ജില്ലാ നേതൃത്വത്തിന്റെ കൂടി നിർദ്ദേശം പരിഗണിച്ചു കൊണ്ടുള്ളതാണ് പട്ടിക. ഒരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള 3 പേരെയാണ് കോർ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. സാധ്യത പട്ടിക താമസിയാതെ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കും.

വട്ടിയൂർക്കാവിൽ സംസ്ഥന സമിതി അംഗം വി.വി രാജേഷിന്റെ പേരും സാധ്യത പട്ടികയിലുണ്ട്. മഞ്ചേശ്വരത്ത് കാസർകോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, രവിഷ തന്ത്രി കുണ്ടാർ എറണാകുളത്ത് മണ്ഡലം പ്രസിഡന്റ് വി.ജി രാജഗോപാൽ സംസ്ഥാന സമിതി അംഗം ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. കഴിഞ്ഞ തവണ ഘടകക്ഷിയായ ബി.ഡി.ജെ. എസ് മത്സരിച്ച അരുരിലേക്കും ബി.ജെ.പി സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിച്ചിട്ടുണ്ട്. അരൂർ ബി.ഡി.ജെ.എസിന് തന്നെ നൽകണോ എന്നത് കേന്ദ്ര കമ്മിറ്റിയായിരിക്കും തീരുമാനിക്കുക.