ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അനിശ്ചിതത്വം. സുരേന്ദ്രനായി തൃശൂര്‍ മണ്ഡലം വിട്ട് നല്കാന് ബി.ഡി.ജെ.എസ് തയ്യാറായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ഇന്ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.
പത്തനംതിട്ടയിൽ മത്സരിക്കണം എന്ന കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടി ആയത്. ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് ബി.ഡി.ജെ.എസ് നിലപാട്. ഇക്കാര്യം ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. തുഷാര്‍ തന്നെ തൃശൂരില്‍ മത്സരിച്ചേക്കും. പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയുള്ള ചര്‍ച്ചകളില്‍ ആര്.എസ്.എസ് നിലപാട് നിര്‍ണായകമാകും.
സുപ്രധാന മണ്ഡലങ്ങളിലൊന്നിൽ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ആർ.എസ്.എസ് ആവശ്യം. ഇക്കാര്യത്തില്‍ സമ്മര്‍ദം മറികടക്കാന്‍ ആയില്ലെങ്കില്‍ ശ്രീധരന് പിള്ളക്ക് പത്തനംതിട്ടയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. എറണാകുളവും കോഴിക്കോടും ബി.ഡി.ജെ.എസും ബി.ജെ.പിയും വെച്ചുമാറാനും തീരുമാനമായിട്ടുണ്ട്. എറണാംകുളത്ത് എ.എന്‍ രാധാകൃഷ്ണനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് സാധ്യത പട്ടികയിലുള്ളത്. ആറ്റിങ്ങലില്‍ പി.കെ കൃഷ്ണദാസ് മത്സരിച്ചേക്കും. എം.ടി രമേഷിനെ പത്തനംതിട്ടയിലും ശോഭാ സുരേന്ദ്രനെ പാലക്കാടും പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാനില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലക്കാട് സി.കൃഷ്ണകുമാര്‍ ആകും സ്ഥാനാര്‍ത്ഥി.